December 08, 2006

പാന്‍പരാഗ്

ഒരു പത്തുപതിനഞ്ച് കൊല്ലം മുന്‍പ് ആഗോളവല്‍ക്കരണം അത്ര ശക്തമല്ലാത്തതുകൊണ്ടോ എന്തോ പാന്‍പരാഗ്,ശംഭു,ഹാന്‍സ്...ഇത്യാദി കണ്ണ് മഞളിപ്പിക്കുന്ന ഐറ്റംസ് കാണാനുള്ള (നിര്‍)ഭാഗ്യം സി ദ്ധിച്ചിരുന്നില്ല. പക്ഷെ ഞങള്‍ തമ്മിലുള്ള മുഖാമുഖം ഒരിക്കലും മറക്കാത്തതും ആവര്‍ത്തിക്കാത്തതും ആയിരുന്നു.

പതിവു പോലെ ഏതോ ഒരു വാര്‍ഷിക പരീക്ഷയും കഴിഞ് അമ്മവീട്ടിലോട്ടു പോകാനുള്ള അനുവാദവിധിയും കാത്തിരിക്കുന്നു.കുടുംബകോടതിയില്‍ നിന്ന് അനുകൂല വിധിയും സ്വന്തമാക്കി കല്ലേറ്റുംകര എന്ന ഗ്രാമത്തില്‍(ഇന്നു സംഗതി മാറി..മെട്രോയാ മെട്രൊ...) നിന്നു റെയില്‍ വേ ക്കാര്‍ ത്രിശ്ശിവപേരൂര്‍ എന്നും ഞങ്ങള്‍ ശ്ശ് ..ഊ...ര്‍ എന്നും പറയുന്ന ആ മഹാനഗരത്തിലേക്ക്....

അങനെ ത്രിശ്ശുര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി മി അകലെ അമ്മവീടിരിക്കുന്ന പറവട്ടാനി എന്ന ടൌണ്‍ഷിപ്പിലോട്ട് ....എങ്ങനേ ...ഓട്ടൊറിക്ഷായില്‍...അതും ഒറ്റക്കു....പോകുന്നു.ഓട്ടൊയുടെ പിറകില്‍ ഞാന്‍ കൈകാലുകള്‍ വിരിച്ചു ഗുണന ചിഹ്നം പോലെ ഇരുന്ന് സീറ്റ് മുഴുവന്‍ എന്റേതാണെന്നു ഉറപ്പിച്ച് റോഡിലൂടെ പോകുന്ന വഴിയാത്രക്കാരെ നോക്കി ഏകലവ്യന്‍ സിനിമായില്‍ നരേന്ദ്രപ്രസാദ് ചിരിക്കുന്നതു പോലെ ചിറികോട്ടി മനസ്സില്‍ “പൂവര്‍ ബോയ്സ്” എന്ന് പറഞ്........എന്തിനു പറയുന്നു..വീടെത്തി...

പിന്നെ കാര്യങള്‍ വളരെ വേഗത്തിലായിരുന്നു..അങ്കിള്‍,ആന്റി,അമ്മാ‍മ,സ്റ്റല്ലേച്ചി,ജോപോള്‍ എല്ലാവരും സ്വീകരണ സദസ്സില്‍ എത്തി..ചായ,പലഹാരങള്‍ എത്തി..കുശലാന്ന്വഷണങള്‍ ...സഭ പിരിഞു..ഞാനും ജോപോളും അവശേഷിച്ചു.. ...അവന്‍ എന്നെ ന്യുബസാര്‍ സ്റ്റ്റീറ്റിലെ എല്ലാ കൌബോയ്സിനെയും പരിചയപ്പെടുത്തി..ഞാന്‍ വളരെ സൂക്ഷിച്ചാണു പെരുമ്മാറിയത് ..ഈ ആധുനികരുടെ മുന്‍പില്‍ ഞാന്‍ വെറുമൊരു ആദിവാസി ആകരുതല്ലൊ...

രാത്രി ഞങ്ങള്‍ ഒരാഴ്ച്ഛ്ത്തെ ഫിക്സ്ച്ചര്‍ ഉണ്ടാക്കി...മെയിന്‍ അട്രാക്ക്ഷന്‍ രാഗം മൂവീസില്‍ നൂണ്‍ഷൊ...കൂടാതെ വര്‍ക്കീസില്‍ നിന്ന് ജോയ് ഐസ്ക്രീം..അതും നാളെ തന്നെ.കാലത്തെ എഴുന്നേറ്റ് പത്രം നോക്കി സിനിമ കണ്ടുപിടിച്ചു...”ജാക്ക്പോട്ട്”.കാലത്തെ തന്നെ ജാക്ക്പോട്ടിന്റെ സംവിധായകനും നിര്‍മ്മാതാവും ചെയ്യാനിടയില്ലാത്ത രീതിയില്‍ ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു.ആ ചര്‍ച്ച ക്ലൈമാക്സിനെ ചൊല്ലി ഞങ്ങള്‍ അടിച്ചുപിരിഞ്ഞപ്പോഴേക്കും സിനിമക്ക് പൊകാന്‍ സമയമയ്.അമ്മാ‍മ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങി യാത്രയായ്..അതു വെറും ബസില്‍.

സിനിമ തുടങ്ങാന്‍ സമയം കുറേ ഉള്ളതു കൊണ്ട് ഐസ്ക്രീം പരിപാടിയിലെ ആദ്യ ഇനമാക്കി.ഓര്‍ഡര്‍ ചെയ്യുക എന്നതു വളരെ എളുപ്പമായിരുന്നു കാരണം കണ്ട്പരിചയം ഉള്ളതും, വില കുറഞ്ഞതും, മെനുവില്‍ വായിക്കാനറിയവുന്നതുമായ ഏക ഐറ്റം വാനില ഐസ്ക്രീം ആയിരുന്നു.സാധനം കിട്ടിയ പാടെ പരസ്പരം നോക്കി എത്ര വേഗം ഒരു ഐസ്ക്രീം തീര്‍ക്കാന്‍ സാധിക്കുമോ അത്രയും വേഗം തീര്‍ത്ത് ബാക്കി കിട്ടിയ സമയം കപ്പിലെ ഇല്ലാത്ത ഐസ്ക്രീം തന്മാത്രകളെ കോലു കൊണ്ട് തോണ്ടി മടുത്തപ്പൊള്‍ എഴുന്നേറ്റ് കൌണ്ടറിലെത്തി പൈസ കൊടുത്തു തിരിഞ്ഞതും അതാ ഞാന്ന് കിടക്കുന്നു...ഇതു വരെ കണ്ടിട്ടില്ലാത്ത...കണികൊന്ന പൂത്തു കിടക്കുന്ന പോലെ നമ്മുടെ കഥാനായകന്‍..

ഞങ്ങളിരുവരെയും ആകര്‍ഷിച്ച ആ പാക്കറ്റ് കുലകളില്‍ നിന്നു 2 എണ്ണം ഒരേ മനസോടെ വാങ്ങി 1.25*2=2.50 പൈസ കൊടുത്തു പങ്ക് പിരിച്ച് പോക്കറ്റിലാക്കി രാഗത്തിലൊട്ട് ഓടി.ടിക്കറ്റെടുക്കനുള്ള വരിയില്‍ വെച്ചു നടന്ന ചര്‍ച്ചകളില്‍ ഇതു ജേംസ് മിട്ടായിയുടെ കൂടിയ രൂപമണെന്നും അതല്ല പാലില്‍ നീന്ന് ഉണ്ടാക്കുന്ന അതിവിശിഷ്ട വിഭവമാണെന്നും പല അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നു.അങ്ങനെ തിയറ്ററിലെ ആ സുഖശീതളിമയില്‍ ഇരുന്ന് ഞാന്‍ ആ കവര്‍ പൊട്ടിച്ചു............കൊക്കൊയുടെയും പാലിന്റെയും പ്രതീക്ഷിച്ച ഞാന്‍ ചാ‍ഴിപ്പൊടിയുടെയും കുമ്മായതിന്റെയും സമ്മിശ്രഗന്ധത്തില്‍ ആഞ്ഞ് തുമ്മുകയും അത് എന്റെ ശ്വസനപ്രക്രിയയെ ഒരു നിമിഷം തളര്‍ത്തുകയും ചെയ്തു.ഞാന്‍ പതുക്കെ ഒരു കഥകളി നടനെ പോലെ മുഖമനക്കാതെ കണ്ണുകള്‍ ജോപോളിനെ സ്കാന്‍ ചെയ്തു.അവന്‍ ഒരു കൂസലുമില്ലാതെ കപ്പലണ്ടി കൊറിക്കുന്നതു പോലെ സംഭവം തിന്നുന്നുണ്ട്.ഈ കാഴ്ച എന്നെ ഉല്ലാസവാനാക്കുകയും മണത്തിലല്ല രുചിയിലാണു കാര്യമെന്നൊര്‍ത്തു ഞാനാ പാക്കറ്റില്‍ വിരലുകല്‍ കൊണ്ട് പരതി.ആ പരതല്‍ എന്നെ പാടത്തു കളിക്കുമ്പോള്‍ മണ്ണ് വാ‍രുന്നതിനെ ഓര്‍മ്മിപ്പിച്ചെങ്കിലും ആദ്യം കിട്ടിയ ഒരു ചെറുകഷണം നാവിന്റെ സെന്റെര്‍ കോര്‍ട്ടിലൊട്ടു വിക്ഷേപിച്ചു....ഒന്നമര്‍ത്തി നൊട്ടി നുനഞ്ഞു......അയ്യോ....കടന്നല്‍ കുത്തു കൊണ്ടവന്‍ ഓടി ചാണകകുഴിയില്‍ ചാടി എന്ന് പറഞ്ഞ പോലെയയ് ഞാന്‍.ഞാന്‍ വീണ്ടും ജോപോളിനെ സ്കാന്‍ ചെയ്തു..അവന്‍ മുന്‍പത്തെക്കാള്‍ വേഗത്തില്‍ തിന്നുന്നു.അതു എന്നില്‍ വാശി നിറച്ചു, അവനാകാമെങ്കില്‍ എനിക്കാണൊ പറ്റാത്തെ എന്ന ചിന്തയും 2.50 പൈസയുദെ മൂല്യവും കൂടി ഓര്‍ത്തപ്പൊള്‍ ഞാനും കഴിച്ചു..അല്ല വിഴുങ്ങി.തീറ്റയുടെ അവസാന ഘട്ടത്തില്‍ രാഗം തിയറ്റരില്‍ ഈ ജീവിതം പൊലിഞ്ഞു എന്നു ഞാന്‍ ഉറപ്പിച്ചു..

സ്ക്രീനില്‍ ഇന്റെര്‍വെല്‍ എഴുതിക്കാട്ടി....വിളക്കുകള്‍ തെളിഞ്ഞു.....ഞങ്ങള്‍ പരസ്പരം നോക്കി...സയാമീസ് ഇരട്ടകള്‍....കണ്ണുകള്‍ ചുവന്ന്..ചിറിയിലൂടെ ഒഴുകുന്ന കാവി നിറത്തിലുള്ള ദ്രാവകം..ഒന്നു തൊട്ടാല്‍ മതി..അതൊരു വാളില്‍ കലാശിക്കും എന്ന ഭാവം........ഞങ്ങള്‍ ഓടി പൈപ്പിനടുത്തെത്തി......2 തുരപ്പന്മാര്‍ ഒരു മൂട് കപ്പ മാന്തുന്നതു പോലെയയിരുന്നു പിന്നെ ഞങ്ങല്‍ വെള്ളം കുടിച്ചത്...രണ്ട് പേര്‍ക്കും ഒരേ അനുഭവമണെന്ന തിരിച്ചറിയല്‍ ഈ ദുരിതനിമിഷങ്ങളിലും ഞങ്ങളെ സന്തുഷ്ടരാക്കി...

വിരിയമിട്ട് : പിന്നീട് ഒരു 5-6 കൊല്ലം കഴിഞ്ഞാണ് ഇതാണ് പാന്‍പരാഗ് പാന്‍ മസാല എന്ന് മനസിലാക്കിയത്.

December 07, 2006

ഒടുക്കത്തെ ഒരു തുടക്കം......



ബാല്യത്തിലന്ന് ഞാന്‍ കെട്ടിവലിച്ച കളിപ്പാട്ടത്തിന്‍.

ചരടിന്നെനിക്ക് കിട്ടിയാലെന്‍

നഷ്ടബാല്യവും ഇഷ്ടപ്പെട്ടതൊക്കെയും വലിച്ചെടുത്തേനെ......