January 12, 2007

കള്ളകടത്ത്

ദേഹമാസകലം മുറിഞ്ഞിരുന്നു......ശ്വാസം കിട്ടാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്....കണ്ണുകള്‍ പതിയെ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചയുടെ പാരമ്യത്തില്‍ നില്‍ക്കുന്ന സൂര്യന്‍ എന്നെ അനുവദിച്ചില്ല.ഇപ്പോള്‍ ഞാനും ചുറ്റുപാടും നിശബ്ദം.എന്തിനു വേണ്ടി..ആര്‍ക്ക് വേണ്ടി..ഇതു ചെയ്തു..മനസ്സ് എന്നോട് ചോദിക്കുന്നുണ്ട്.കാതില്‍ നിലനിന്നിരുന്ന മൂളള്‍ ഒരു ആരുടെയൊ വിളികള്‍ക്ക് വഴിമാറി....

ആ ശനിയാഴ്ച് ഞാനെന്ന 7)0 ക്ലാസ്സ് കാരന് തികച്ചും സാധാരണമായിരുന്നു.എഴുന്നേറ്റ് ചായകുടിച്ചു പേപ്പറും വായിച്ച് നിര്‍വികാരനായ് ഇരുന്ന എന്നോട് അപ്പന്‍ വന്നു പറഞ്ഞു “ഞങള്‍ ത്രിശ്ശുര്‍ വരെ പൊവ്വാണ്...ഇവിടെ ആരുമില്ല...കണ്ടോടത്ത് പൊയ് കറങ്ങി നടക്കരുത്...പിന്നെ മരിയ അപ്പറത്ത് ടുട്ടൂവിന്റെ കൂടെ കളിക്കാന്‍ പോയ്ക്കാണ്..“ നിര്‍ത്തിയതും “തല്ല് പിടിക്കാതെ ഇരുന്നോളൊ” എന്ന് അമ്മ കൂട്ടിച്ചേര്‍ത്തു.പള്ളിയിലെ രൂപക്കൂട്ടിലെ ഉണ്ണീശോയെ പോലെ നിഷ്കളങ്കനായ് ഞാന്‍ തലയാട്ടി.
പക്ഷെ മനസ്സിലാകെ കടുത്ത നിരാശയായിരുന്നു..കാരണം ഇന്നലെ വളരെ ബുദ്ധിമുട്ടിയാണ് ബിനോയിയോട് പറഞ്ഞ് ഇന്നു നടക്കുന്ന 7Aയും 7Dയും തമ്മിലുള്ള ലോകക്കപ്പ് പന്ത് കളിയില്‍ സ്ഥാനം നേടിയത്.പിന്നെ ഒന്നാലോചിച്ചപ്പൊ ..ഞാന്‍ കളിച്ചിട്ട് വലിയ കാര്യമൊന്നുമില്ല ..പിന്നെ എന്റെ രൂപത്തിന്റെ ഭീകരതകൊണ്ടും..അമ്മ ഞങ്ങളുടെ സ്ക്കൂളില്‍ പടിപ്പിക്കുന്നതു കൊണ്ടും ഗോളി ഒഴികെ മറ്റേത് സ്ഥാനത്തേക്കും എന്നെ പരീക്ഷിച്ചിരുന്നു.

അപ്പൊഴാണ് മനോരമയിലെ ആ വാര്‍ത്ത എന്നെ ആകര്‍ഷിച്ചത്...”കള്ളകടത്ത് സംഘം പോലീസ് വല പൊട്ടിച്ചൂ”...മൊത്തം വായിച്ചപ്പൊള്‍ സംഭവം എനിക്കങ്ങ് ക്ഷ പിടിച്ചു...പിന്നെ അതാലോചിച്ചൊരു 10-15 നിമിഷം ഇങ്ങനെ ഇരുന്നു..ഈ സംഭവത്തിലേക്ക് കഴിഞ്ഞയാഴ്ച് കണ്ട “രാജാവിന്റെ മകന്‍” സിനിമയിലെ രംഗങ്ങള്‍ കൂടി എഡിറ്റ് ചെയ്ത് മോഹന്‍ലാലിന് പകരം എന്നെ കേറ്റിയപ്പൊള്‍ ഞാനൊന്നു അടിമുടി വിറച്ചു.പിന്നെ ആലൊചിച്ചപ്പോ വീട്ടിലാരും ഇല്ലാത്തത് കൊണ്ട് കള്ളകടത്തിന് ഇതില്‍ മികച്ച് ഒരവസരം ഇല്ലെന്നു മനസിലാക്കിയ ഞാന്‍ വേഗം എഴുന്നേറ്റ് മുറിയില്‍ പോയ് ആകെയുള്ള കറുത്ത പാന്റും അങ്കില്‍ ഗള്‍ഫില്‍ നിന്നു കൊണ്ട് വന്ന “ഹാപ്പി” എന്നെഴുതിയ ടി-ഷര്‍ട്ടും എടുത്തിട്ട് ഇന്‍ഷര്‍ട്ട് ചെയ്ത് എനിക്ക് സാധിക്കാവുന്ന മുഴുവന്‍ ക്രൂരതയും മുഖത്തോട്ട് ആവാഹിച്ച് കണ്ണാടിയില്‍ നോക്കി നിര്‍വ്രുതിയടഞ്ഞു. കൊള്ളാം...മനസ്സിലല്ല ..തെല്ലുറക്കെ തന്നെ ഞാന്‍ പറഞ്ഞു.

പിന്നെ മനസ്സില്‍ കടത്താന്‍ പറ്റിയ സാധനങ്ങളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം വന്നത് സ്വര്‍ണ്ണം...പിന്നെ കള്ളനോട്ട്...എങ്കില്‍ പിന്നെ രണ്ടുമായ്കൊട്ടെ എന്നു വിചാരിച്ചു.പതിയെ പണ്ട് സ്കൂളില്‍ പൊകാന്‍ വാങ്ങിതന്ന അലുമിനിയ പെട്ടി എടുത്ത് പൊടി തട്ടി അതില്‍ കുറച്ചു ഗോള്‍ഡ്..അതായത് വീട് പണിക്ക് വാങ്ങിയ വിജാഗിരി അടക്കി വച്ചു.പിന്നെ നോട്ട് ബുക്ക് പൊതിയാന്‍ വാങ്ങി തന്ന ബ്രൌണ്‍ പേപ്പര്‍ മുറിച്ച് ഏകദേശം നൂറിന്റെ നോട്ടിന്റെ വലുപ്പത്തില്‍ മുറിച്ച് പെട്ടിയില്‍ അടുക്കി...പിന്നെ അപ്പാപ്പന്‍ കഴിഞ്ഞ താഴെക്കാട് മുത്തപ്പന്റെ പെരുന്നാളിനു വാങ്ങി തന്ന “Desert Eagle Pistol“ അതായത് കേപ്പ് വച്ച് പൊട്ടിക്കുന്ന കറുത്ത തോക്ക് എടുത്ത് പാന്റിന്റെ പുറകില്‍ തിരുകി(നുണയാണ്...അന്ന് ഞാന്‍ കമ്മീഷണറും ഏകലവ്യനും കണ്ടിരുന്നില്ല).അന്നാദ്യമായ് ഒരു കൈയുറയും വിഗ്ഗും പിന്നെ കൌബൊയ് തൊപ്പിയും ഇല്ലാത്തതിന്റെ വിഷമം ഞാനറിഞ്ഞു.അവസാ‍ന ഒരുക്കമായ് ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി ക്രൂരത ഒട്ടും മുഖത്ത് നിന്ന് ചോര്‍ന്ന് പോയിട്ടില്ലെന്ന് ഉറപ്പ് വരുത്തി പറമ്പിലോട്ട് ക്ഷമിക്കണം ...ഈജിപ്റ്റിലെ പുകയിലക്കാടുകളിലേക്ക് ഇറങ്ങി.അങ്ങനെ ആദ്യമായ് എന്റെ സ്വന്തം വീട്ടില്‍ നിന്ന് ഞാന്‍ പതുങ്ങി പതുങ്ങി പുറത്തോട്ടെറെങ്ങി.

കുറേ നേരം ജാതിമരങ്ങളുടെ ഇടയിലൂടെ പതുങ്ങി നടന്നപ്പോല്‍ മനസിലായ് കള്ളകടത്തില്‍ സാഹസികതക്കാണ് പ്രാഥമികസ്ഥാനം എന്ന് മനസിലായ്.അതാ കാണുന്നു...ഈജിപ്റ്റിലെ അമേരിക്കന്‍ കാര്യാലയം i mean...വിറകും പണിസാധനങ്ങളും സൂക്ഷിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഒരു ഷെഡ്. ഒരു വിഹഘ വീക്ഷണത്തിലൂടെ മുകളില്‍ കൂടെയുള്ള ആക്രമണമാണ് സുരക്ഷിതമെന്ന് എനിക്ക് മനസിലായ്. പാതാളകരണ്ടി കയറില്‍ കെട്ടി മുകളിലേക്ക് എറിഞ്ഞ് പിടിപ്പിച്ച് വലിഞ്ഞ് കയറാമെന്ന് ചിന്തിച്ചെങ്കിലും ഷെഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്തചക്ക മരം സ്വതവേ മടിയനായ എന്നെ വഴിതിരിച്ച് വിട്ടു.പതിയെ അടുത്തെങ്ങും ആരുമില്ലെന്നു ഉറപ്പ് വരുത്തി ആത്തമരത്തില്‍ വലിഞ്ഞു കയരുമ്പോഴും എന്റെ ഒരു കൈ പിസ്റ്റലിന്റെ ട്രിഗ്ഗറില്‍ അമര്‍ന്നിരുന്നു...കാ‍രണം പെട്ടെന്നൊള്ളൊരു ആക്രമണം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.അങ്ങനെ ഞാന്‍ വിജയശ്രീലാളിതനായ് മുകളിലെത്തി.

എന്തായാലും വളരെ ബുദ്ധിമുട്ടി കയറിയതല്ലെ..2 ആത്തചക്ക ഫിനിഷ് ചെയ്തെക്കാം ...അങ്ങനെ ആ ഇറ്റാലിയന്‍ പിസ്സാ കഴിച്ചിരിക്കുംബോഴാണ് അമേരിക്കന്‍ കാര്യാലയവും എന്റെ വീടും തമ്മിലുള്ള ഒരു 5 അടി ഗ്യാപ്പ് ശ്രദ്ധയില്‍ പെട്ടെത്.ഈ 5 അടി ഗ്യാപ്പ് ഭൂമിയില്‍ നിന്ന് നോക്കുംബോള്‍ എന്നെ പലപ്പോഴും ആകര്‍ഷിച്ചിട്ടുള്ളതാണ്......ആര്‍ക്ക് കണ്ടാലും ഒന്ന് ചാടികടക്കാന്‍ തോന്നിക്കുന്ന മോഹിപ്പിക്കുന്ന ഒരു 5 അടി ദൂരം........സാഹസികത തെളിയിക്കാന്‍ ഇതില്‍പരം ഒന്നുമില്ല്ല എന്നുറപ്പിച്ച ഞാന്‍ 5 അടി ദൂരത്തെ വിശകലനം ചെയ്ത് ഒരു 10 അടി പിറകോട്ട് നടന്ന് ശ്രീശാന്തിനെപ്പോലെ മുഖം പരമാവധി കൂര്‍പ്പിച്ച് ഷെഡിന്റെ അരികിലോട്ട് ഓടി.....അരികിലെത്തിയതും മനസ്സിന്റെ highlight window യില്‍ എന്റെ ശവപ്പെട്ടി കണ്ടപ്പൊള്‍ ഒരു ഭിത്തിയിലിടിച്ച പോലെ ഞാന്‍ നിന്നു.മൂന്ന് വട്ടം കൂടി ശ്രമിച്ചെങ്കിലും ഫലം തഥൈവ.ഈ നയഗ്ര വെള്ളചാട്ടം ഞാനെങ്ങിനെ മറികടക്കും എന്റെ കുരിശുമുത്തപ്പാ...കൊരട്ടിമുത്തി... രണ്ടു പേരും പുതിയ ഐഡിയ നേരെ എന്റെ തലയിലേക്കെറിഞ്ഞു.ഓ എന്ത് മനൊഹരമായ ആശയം...ഒരു പാലം നിര്‍മ്മിക്കുക നടന്നു അപ്പുറത്തേക്ക് കടക്കുക.പക്ഷെ എന്തു വച്ച് പാലം പണിയും...താഴോട്ട് നോക്കിയപ്പോല്‍ 2 പച്ച തെങ്ങിന്‍പ്പട്ട കിടക്കുന്നുണ്ട്...പക്ഷെ എങ്ങനെ എടുക്കും....

അതാ വരുന്നു...എന്നെക്കാള്‍ 7 വയസ്സിളയതാണെങ്കിലും അതിന്റെ ബഹുമാനമോ..എന്തിന് എന്നെക്കാള്‍ 7 വയസ്സ് കൂടുതാലണെന്നും കരുതുന്ന പെങ്ങള്‍...അവളൊട് പട്ട എടുത്ത് തരാന്‍ പറഞ്ഞാലോ...പറഞ്ഞാല്‍ എന്തായലും കേക്കില്ല...ഭീഷണി അതു വിലപോവുകയെ ഇല്ല...പിന്നെ അനുനയം...അതെ നടക്കൂ..എന്തായാലും ഒരു കള്ളകടത്തുകാരനായ് പോയില്ലേ? ചേട്ടാ..ഒരു ആത്തചക്ക പൊട്ടിച്ച് തരോ?? ഹ ഹാ...തേടിയ തെങ്ങിന്‍പട്ട കാലില്‍ ചുറ്റി...എന്തിന് പറയുന്നു 4 ആത്തചക്കക്ക് വിലപേശി 2 തെങ്ങിന്‍പട്ട മുകളിലെത്തി....എന്തായാലും സഹായിച്ചതല്ലെ..എന്റെ അതിസാഹസികമാ‍യ പ്രകടനം കാണാന്‍ അവളെയും ക്ഷണിച്ചു. അവളാണെങ്കില്‍ എന്റെ പ്രകടനം ക്ലോസ് റേഞ്ചില്‍ കാണാന്‍ നേരെ വീടിന്റെ ടെറസ്സില്‍ ഉപവിഷ്ടയായ്.

പിന്നെ ഞാന്‍ സമയം കളയാതെ പട്ടകള്‍ രണ്ടും കൂട്ടിവച്ചു പാലം റെഡിയാക്കി.വലത് കാല്‍ എടുത്ത് വച്ചമര്‍ത്തി ബലം പരിശോധിച്ചപ്പോള്‍ നടന്ന് അതിലൂടെ കടക്കാനാകില്ലെന്ന യാതാര്‍ഥ്യം ഞാന്‍ മനസ്സിലാക്കി...പിന്നെ ഇരുന്നിഴഞ്ഞ് കടക്കാനായ് ശ്രമം..ഇതിനിടെ ഞാന്‍ പേടിച്ച് എന്റെ മുഖം നവരസങ്ങളിലൂടെ കടന്ന് പോകുന്നത് ഞാനറിഞ്ഞു. ദേ വരുന്ന് അനിയത്തിയുടെ പ്രോത്സാഹന ചോദ്യം...”പട്ടെമേ കൂടെ നടക്കാന്‍ എന്തോരം നേരം വേണം?”..ഈ ചോദ്യം എന്നിലെ കള്ളകടത്ത് കാരന്റെ അഭിമാനത്തെ പിടിച്ചുലച്ചു...പിന്നെ ഒന്നും നോക്കിയില്ല്ല..നേരെ പട്ടയില്‍ ഇരുന്നിഴഞ്ഞ് മുന്നോട്ട്.....ശ്ശ് ശ് ...ക്ക് ക് ര്‍ ര് ...എല്ലാം പൂര്‍ത്തിയായ്...രക്ഷപെടാന്‍ ഇനിയൊന്നും ചെയ്യാനില്ല...ഇരുന്ന് ഇരുപ്പില്‍ തന്നെ പട്ടയൊട് കൂടെ ഇടത്തോട്ട് ചെരിഞ്ഞു..ഞാന്‍ കണ്ണുകള്‍ അടച്ചു...കൈകാലുകള്‍ എവിടെയോ ഉരയ്യുന്നു...

ഫ്ലാഷ് ബാക്ക് പൂര്‍ണ്ണം.....

വെള്ളം വേണമെന്നുണ്ട്..ശബ്ദം പുറത്ത് വരുന്നില്ല.. സ്ഥലകാലം ഏകദേശം പിടികിട്ടിത്തുടങ്ങി...അമ്മ മക്കള്‍ ഞങ്ങളോടുള്ളത്തിനേക്കാള്‍ സ്നേഹവും പരിപാലനയും കൊടുത്ത് വളര്‍ത്തിയിരുന്ന തക്കാളി,വഴുതന,പാവല്‍..മുതലായവയുടെ മുകളിലോട്ട് ആയിരുന്ന് ഈയുള്ളവന്റെ ക്രാഷ് ലാന്റിങ്ങ്....ഭാഗ്യമെന്ന് പറയട്ടെ ഒരു പുല്‍ക്കൊടി പോലും എന്റെ ഉഴുത്‌മറക്കലില്‍ നിന്ന് രക്ഷപെട്ടിട്ടില്ല.പതിയെ ഞെരുങ്ങി ഞാനെഴുന്നേറ്റിരുന്നു..അടഞിരുന്ന ചെവിയിലൂടെ പതിയെ ഒരു കൂവലിന്റെയും..കൈയടിയുടെയും ശബ്ദതരം‌ഗങ്ങള്‍ അരിച്ചിറങ്ങി.....ഞാന്‍ പതിയെ മുകളിലോട്ട് നോക്കി...വായുവിലൂടെ പറന്നിറങ്ങിയ സ്വന്തം ചേട്ടന്റെ സാഹസികതെയെ മനം മറന്ന് അഭിനന്ദിക്കുന്ന പെങ്ങള്‍...തികഞ്ഞ ദേഷ്യവും വേദനയും അതിലേറെ കടുത്ത നിരാശയും മൂലം എന്റെ മുഖം വലിഞ്ഞ്‌മുറുകി..
തെല്ലുറക്കെ തന്നെ ഞാന്‍ വാവിട്ട് കരഞ്ഞു......പൊട്ടി..പൊട്ടി കരഞ്ഞു...

പരാജിതനായ ഒരു കള്ളകടത്തുകാരന്റെ വിലാപം.....


*വിരിയമിട്ട്:ചിത്രകഥകളിലും കാര്‍ട്ടൂണുകളിലും അടികിട്ടുമ്പോഴും മറിഞ്ഞ് വീഴുമ്പോഴും തലക്ക് ചുറ്റും നക്ഷത്രങ്ങള്‍ വരക്കുന്നത് ഭംഗിക്കല്ല എന്നു മനസ്സിലായ്...

9 comments:

MaNu Krishna said...

Gr888 LEonss!!! Kollammm takes the reader back to their good old times, and u made me miss my childhood, sigh, sigh..... Keepp posting more... cheers

Anonymous said...

appanum ammayum thrissuril ninnum vannathinu sheshamulla navarasangal koodi cherthirunnel onnu koodi nannayirunnu...enthayaalum kalakki mone leo...ezhuthuu iniyum ezhuthooo....

കൊച്ചുമത്തായി said...

കലക്കി അളിയാ......
സംഗതി ക്രാഷ് ലാന്‍ഡ് ചെയ്താലെന്നാ, മോഹന്‍ലാലിനേ തോല്പ്പിച്ചില്ലെ??

നിഷേധി said...

അപ്പനും അമ്മയും വന്നിട്ടുള്ള കാ‍ര്യം പറയാതിരിക്കുകയാ ഭേദം....വയ്യ...അല്ലാതെ അഹങ്കാരം കൊണ്ടല്ലാ...

Manju Nidish said...

"ചിത്രകഥകളിലും കാര്‍ട്ടൂണുകളിലും അടികിട്ടുമ്പോഴും മറിഞ്ഞ് വീഴുമ്പോഴും തലക്ക് ചുറ്റും നക്ഷത്രങ്ങള്‍ വരക്കുന്നത് ഭംഗിക്കല്ല എന്നു മനസ്സിലായ്... "



കലക്കി

Manju Nidish said...

പുതിയതിനായി കാത്തിരിക്കുകയണു

നിഷേധി said...

നന്ദി ....എല്ലാം വരവ് വച്ചു

നിഷേധി said...

ദിപ്പോ ശെരിയാക്കാം....

achu said...

ejan ente pavam ettane orthu poyi........ejan thane ano ningalude pengal enneu samshayichu poyi.......ethe kada thane ane ente vitilum...but now we r chakara and milk